വടകര: വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കേസിലെ രണ്ടാം പ്രതിയാണ് റിബേഷ് രാമകൃഷ്ണന്. കേസില്‍ പ്രതിയാക്കപ്പെടുമെന്ന സംശയത്തെ തുടര്‍ന്ന് റിബേഷ് ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കുര്‍ ജാമ്യം നേടിയിരുന്നു. 75(3)പ്രകാരം അടുത്ത ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ റിബേഷിന് നോട്ടീസ് നല്‍കും.
മുന്‍കൂര്‍ ജാമ്യം നിലവിലുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയയ്ക്കാനാണ് സാധ്യത. ഡിവൈഎഫ്ഐ നേതാക്കളായ ജിതിന് ഭാസ്കര്‍, അമല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നെങ്കിലും റിബേഷിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ ജിതിന് ഭാസ്കര്‍ കാഫിര്‍ സ്ക്രീന്‍ഷോട്ട് ആദ്യം അയച്ചുകൊടുത്തത് റിബേഷിനാണെന്നും ഇയാള്‍ ഇത് വ്യാപകമായി പ്രചരിപ്പിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.